ഖത്തർ ലോകകപ്പിലെ ആദ്യ കളിയുടെ പരാജയകയ്പ് മറന്ന് ലയണൽ മെസ്സിയും സംഘവും പോരാട്ടവീര്യം വീണ്ടെടുത്ത രാവാണ് കഴിഞ്ഞുപോയത്. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് സി മത്സരത്തിൽ അർജൻ്റീന 2–0ന് മെക്സിക്കോയെ തോൽപിച്ചു. 64–ാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയും 87–ാം മിനിറ്റിൽ പകരക്കാരനായെത്തിയ എൻസോ ഫെർണാണ്ടസുമാണ് അർജൻ്റീനയ്ക്കായി ഗോളുകൾ നേടിയത്. ആദ്യമത്സരത്തിൽ സൗദി അറേബ്യയോടു പരാജയപ്പെട്ടതോടെ നിരാശയിലായ അർജൻ്റീന ആരാധകരെ സന്തോഷത്തിലാറാടിച്ച വിജയമായി ഇത്.
ഇനി 30ന് പോളണ്ടിനെതിരായ മത്സരത്തിലെ ഫലം അർജൻ്റീനയുടെ നോക്കൗട്ട് ഭാവി നിർണയിക്കും. ഗ്രൂപ്പ് സി മത്സരത്തിൽ സൗദി അറേബ്യയെ 2–0നാണ് പോളണ്ട് തോൽപിച്ചത്. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ ആദ്യത്തെ ലോകകപ്പ് ഗോൾ ആയിരുന്നു അതിലൊന്ന്.
ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്കിനെ 2–1ന് തോൽപിച്ച് ഫ്രാൻസ് നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായിമാറി. സൂപ്പർ താരം കിലിയൻ എംബപെ ഇരട്ടഗോൾ നേടി. ഓസ്ട്രേലിയ 1–0ന് ടുനീസിയയെ പരാജയപ്പെടുത്തി.