ഖത്തർ ലോകകപ്പിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് ആവേശമായി അർജന്റീന ടീമിന്റെ പരിശീലനം. യുഎഇയിൽ എത്തിയ ലയണൽ മെസ്സിയും സംഘവും അബുദാബി അൽനഹ്യാൻ സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനം തുടങ്ങി. പ്രിയതാരങ്ങളെ കാണാൻ മലയാളികൾ അടക്കം പതിനായിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്.
മെസ്സിയും ഏഞ്ചൽ ഡി മരിയയും മാർട്ടിനസും ജൂലിയൻ അൽവാരസും കളത്തിലിറങ്ങിയപ്പോൾ ആരാധകരും ആവേശത്തിലായി. അർജന്റീനയുടെ ജഴ്സി അണിഞ്ഞെത്തിയ ആരാധകർ സ്റ്റേഡിയത്തിൽ ഹർഷാരവം മുഴക്കി ഇഷ്ടതാരങ്ങൾക്ക് പിന്തുണയേകി. പരിശീലനം കാണാനും ടിക്കറ്റിലൂടെയായിരുന്നു പ്രവേശനം.
നാളെ യു.എ.ഇ ടീമുമായി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ പരിശീലന മത്സരം നടക്കും. അന്ന് രാത്രിയോ 17ന് രാവിലെയോ ടീം ഖത്തറിലേക്ക് തിരിക്കും.