അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നം യാഥാർത്ഥ്യമാക്കിയ നായകൻ ലയണല്‍ മെസിക്ക് ആദരമായി കറന്‍സികളിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള നീക്കവുമായി രാജ്യം. അര്‍ജന്റീന സെന്‍ട്രല്‍ ബാങ്ക് ആണ് ഈ ആശയം മുന്നോട്ടുവച്ചത്. ആയിരത്തിന്റെ പെസോ കറന്‍സി നോട്ടില്‍ മെസിയുടെ ചിത്രം നല്‍കാനാണ് ആലോചന.
അർജന്റീനിയൻ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം ലോകകപ്പ് ഫൈനലിനു മുമ്പ് തന്നെ കറന്‍സിയില്‍ മെസിയുടെ ചിത്രംഉൾപ്പെടുത്തുന്ന കാര്യം ആലോചിച്ചിരുന്നുവെന്നാണ് പറയുന്നത്. അർജന്റീന ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ഓര്‍മയ്ക്കായി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. പരിശീലകന് ലയണല്‍ സ്കലോണിയോടുള്ള ആദരസൂചകമായി നോട്ടിന്റെ പിന്നിൽ ‘ല സ്കലോനേറ്റ’ എന്നും പ്രിന്റ് ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്.