ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജൻ്റീന ഫൈനലിൽ. മെസ്സിയുടെ ഒരു ഗോളും അൽവാരസിൻ്റെ രണ്ട് ഗോളും ക്രൊയേഷ്യയുടെ വലകുലുക്കിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അർജൻ്റീനയുടെ ജയം. ആറാം തവണയാണ് അർജൻ്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.
ആദ്യ 20 മിനിറ്റിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തിയിരുന്നു. ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചു. ആ സമയം മുഴുവൻ അർജൻ്റീന താരങ്ങൾക്ക് കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. എന്നാൽ 32ാമത്തെ മിനിറ്റിൽ ക്രൊയേഷ്യ അർജൻ്റീനയുടെ അൽവാരസിനെ വീഴ്ത്തിയതിന് മെസ്സിയ്ക്ക് പെനാൽറ്റി കിക്ക് ലഭിച്ചു. അങ്ങനെ സെമിയിൽ അർജൻ്റീനയുടെ ആദ്യ ഗോൾ പിറന്നു. അതേസമയം അർജൻ്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമായി ക്യാപ്റ്റൻ ലയണൽ മെസ്സി മാറി.
ഇതുവരെ 11 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാമത്തെ ഗോളുകൂടിയാണത്. കളിയുടെ 39 ആം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി അൽവാരസ് ക്രൊയേഷ്യയുടെ വലകുലുക്കി. സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാമത്തെ ഗോളിനു വഴിയൊരുക്കിയത്. മെസ്സി നൽകിയ പാസ് ജൂലിയൻ അൽവാരസ് വലയിൽ നിക്ഷേപിച്ചു. അതേസമയം ഡി പോളും അൽവാരസും പവലിയനിലെത്തിയപ്പോൾ ഈ ടൂർണമെന്റിൽ ആദ്യമായി ഡിബാലക്കും അവസരം ലഭിച്ചു.
അതേസമയം കളിക്കളത്തിൽ അൽവാരസ് നേടിയ സോളോ ഗോളിന് ഗാലറിയിൽ കൈയ്യടിക്കുന്ന ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ ചിത്രവും ആരാധകർക്ക് ആവേശം നൽകി. 42 കാരനായ റൊണാള്‍ഡീഞ്ഞോ ലുസൈൽ സ്റ്റേഡിയത്തിലെ വിഐപി സീറ്റിൽ കൈയ്യടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. എന്നാൽ 22 കാരനായ അൽവാരസിൻ്റെ ഈ അതുഗ്രൻ സോളോ ഗോൾ 1986ൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഗോളിന് സമാനമാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.
നെതർലൻഡ്സിനെതിരെയുള്ള മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് അർജന്റീന പരിശീലകൻ ഇത്തവണ ലയണൽ സ്കലോനി ടീമിനെ ഇറക്കിയത്. മഞ്ഞ കാർഡുകൾ നേടി സസ്പെൻഷനിലായ മാർക്കോസ് അക്യൂനയ്ക്കു പകരം നിക്കോളാസ് തഗ്ലിയാഫിക്കോയെ ഇറക്കി. ലിസാൻഡ്രോ മാർട്ടിനസിനു പകരം ലിയാൻഡ്രോ പരേദസും ആദ്യ ഇലവനിൽ ഇടം നേടി. 2022 ഖത്തര്‍ ലോകകപ്പിൽ 35 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ ശിരസ്സില്‍ ലോക കിരീടം ചാര്‍ത്തപ്പെടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. മറഡോണയില്‍ നിര്‍ത്തിയ ആ വിജയത്തിന്റെ ചരിത്രം കാലം മെസ്സിയിലൂടെ പൂര്‍ത്തിയാക്കുമെന്ന് അവർ വിശ്വസിക്കുന്നു.