ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണം പൂർത്തിയാകും വരെ സംയമനം പാലിക്കണമെന്ന് കായികതാരങ്ങളോട് മന്ത്രി അനുരാഗ് ഠാക്കൂർ. കായിക മേഖലയെ ദുർബലമാക്കുന്ന പ്രവർത്തികളിൽ നിന്ന് പിന്മാറണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കായികമന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് കായികതാരങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. കർഷക നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് കായികതാരങ്ങൾ മെഡൽ ഉപേക്ഷിക്കുന്നതിൽ നിന്ന് പിന്മാറിയത്.
അതേ സമയം തനിക്കെതിരായ ആരോപണങ്ങളിൽ ഏതെങ്കിലും ഒന്ന് തെളിയിച്ചാൽ ആത്മഹത്യ ചെയ്യാൻ തയ്യാറാണെന്ന് ആരോപണവിധേയനും മുൻ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ഗുസ്തി താരങ്ങൾ തനിക്ക് മക്കളെ പോലെയാണെന്നും തന്റെ ചോരയും വിയർപ്പും അവരുടെ വിജയത്തിനായാണ് മാറ്റി വച്ചതെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു
നാല് മാസമായി തന്നെ തൂക്കിലേറ്റാൻ ഗുസ്തി താരങ്ങൾ ശ്രമിക്കുകയാണെന്നും മെഡലുകൾ ഗംഗയിലെറിഞ്ഞത് കൊണ്ട് താൻ തൂക്കിലേറില്ലെന്നും തനിക്കെതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കാനും ബ്രിജ് ഭൂഷൺ വെല്ലുവിളിച്ചു. കോടതി തന്നെ തൂക്കിലേറ്റിയാൽ അത് സ്വീകരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പ്രതികരിച്ചു