ആൻ ഫ്രാങ്കിൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ഹന്ന ഗോസ്ലർ (93) അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനിയിലെ ബെർഗൻ ബെൽസൻ തടങ്കൽപാളയത്തിൽ ആൻ ഫ്രാങ്കിനൊപ്പം ഹന്നയുമുണ്ടായിരുന്നു. 15–ാം വയസ്സിലാണ് ആൻ ഫ്രാങ്ക് നാസി തടവറയിൽ വച്ച് മരണപ്പെട്ടത്. മരിക്കുന്നതിന് മുൻപ് 1942 നും 1944 നും ഇടയിൽ ആൻ എഴുതിയ ഡയറികുറിപ്പുകൾ ലോകപ്രശസ്തമാണ്.
1924 ൽ ജർമനിയിലാണ് ഹന്ന ഗോസ്ലർ ജനിച്ചത്. 1933 ൽ ജർമനി വിട്ട് ഹന്നയുടെ കുടുംബം ആംസ്റ്റർഡാമിലേക്ക് താമസം മാറി. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഹന്ന ആൻ ഫ്രാങ്കുമായി സൗഹൃദത്തിലായത്. 1942 ൽ ആൻ ഫ്രാങ്കിനെയും കുടുംബത്തെയും നാത്സികൾ പിടികൂടിയതോടെ ഇരുവരുടെയും സൗഹൃദ ബന്ധം മുറിഞ്ഞു. എന്നാൽ തൊട്ടടുത്ത വർഷം തന്നെ ഹന്നയുടെ കുടുംബവും അറസ്റ്റിലായി. ശേഷം 1945 ഫെബ്രുവരിയിൽ ബെർഗൻ ബെൽസൻ തടങ്കൽപാളയത്തിൽ ഹന്നയും ആൻ ഫ്രാങ്കും വീണ്ടും കണ്ടുമുട്ടി. തടവറയിൽ ഏകാകിയായ ആൻ ഹന്നയെ കണ്ടപ്പോൾ വിതുമ്പിക്കരഞ്ഞതായി ഹന്ന ഓർമിച്ചിരുന്നു.
അന്ന് ഹന്നയും സഹോദരി ഗാബിയും മാത്രമാണ് നാസി തടവറയിൽനിന്നും രക്ഷപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇസ്രയേലിലേക്കു കുടിയേറിയ ഹന്ന പിന്നീട് നഴ്സായി ജോലി ചെയ്തിരുന്നു. 3 മക്കളും 11 ചെറുമക്കളും അവരുടെ മക്കളുമൊക്കെയി 31 പേരടങ്ങുന്നതായിരുന്നു ഹന്നയുടെ കുടുംബം. ‘ഇതാണു ഹിറ്റ്ലർക്കുള്ള എൻ്റെ മറുപടി’ എന്ന് ഹന്ന പറഞ്ഞിരുന്നു. എന്നാൽ ഹനേലി എന്നാണ് ഡയറിയിൽ ആൻ ഫ്രാങ്ക് കൂട്ടുകാരിയെ വിളിക്കുന്നത്. ഹന്നയുടെ ‘മെമ്മറീസ് ഓഫ് ആൻ ഫ്രാങ്ക്’ എന്ന പുസ്തകം ‘മൈ ബെസ്റ്റ് ഫ്രണ്ട് ആൻ ഫ്രാങ്ക്’ എന്ന പേരിൽ പിന്നീട് സിനിമയായിട്ടുമുണ്ട്.