തനിക്കെതിരായി നടക്കുന്ന വിവാദം ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ശാസ്ത്രാവബോധത്തെ പ്രചരിപ്പിക്കണമെന്ന് പറയുന്നത് തെറ്റാവുന്നത് എങ്ങനെയാണെന്നും ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ലെന്നും ഷംസീര്‍ പറഞ്ഞു.
താന്‍ സ്പീക്കറായി കെട്ടിയിറക്കിയ ആളല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ മുന്നോട്ട് വന്നിട്ടുള്ള ഒരാളാണ്. തന്റെ മതേതരത്വത്തെ ചോദ്യം ചെയ്യാന്‍ ഒന്നും ആര്‍ക്കും പറ്റില്ല. കേരളത്തില്‍ വിദ്വേഷ പ്രചാരണം നടക്കുകയാണ്. കേരളം അത് തള്ളിക്കളയും. മതവിശ്വാസികള്‍ തനിക്ക് ഒപ്പമാണെന്നും ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ഒരു മതവിഭാഗത്തിന്റെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷംസീര്‍ പറഞ്ഞു. എന്‍.എസ്.എസിനും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവര്‍ ചെയ്തോട്ടെ എന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഷംസീര്‍ മാപ്പ് പറയുകയോ പ്രസ്താവന തിരുത്തുകയോ ചെയ്യേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു.
എ.എന്‍ ഷംസീറിന്റെ വാക്കുകള്‍
എന്റെ പരാമര്‍ശം ഒരു മതവിശ്വാസികളെയും വ്രണപ്പെടുത്താന്‍ ചെയ്തതല്ല. ഞാന്‍ ഏതെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ആളുമല്ല. എല്ലാ മതവികാരങ്ങളെയും ബഹുമാനത്തോടെ കാണുന്ന ആളാണ് ഞാന്‍. ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ഏതൊരാള്‍ക്കും ഏത് മതത്തിലും വിശ്വസിക്കാമെന്ന് പറയുമ്പോള്‍ തന്നെ ശാസ്ത്രാവബോധം ഉണ്ടാക്കാമെന്നും മറുഭാഗത്ത് ഭരണഘടനയില്‍ പറയുന്നുണ്ട്.
ഒരു ഭരണഘടനാ പോസ്റ്റില്‍ നില്ക്കുന്ന ഒരാളെന്ന നിലയില്‍ ശാസ്ത്രാവബോധത്തെ പ്രചരിപ്പിക്കണമെന്ന് പറയുന്നത് തെറ്റാവുന്നത് എങ്ങനെയാണ്. അതില്‍ മാധ്യമങ്ങളും ഞാന്‍ പറഞ്ഞതിനെ പിന്തുണച്ച് തന്നെയാണ് നിന്നിട്ടുള്ളത് എന്നാണ് മനസിലാക്കുന്നത്. ഇത്തരമൊരു വിവാദം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്.
ഒരിക്കല്‍ കൂടി അടിവരയിട്ട് ആവര്‍ത്തിക്കുകയാണ്. ഏതെങ്കിലും ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താനല്ല.
ഞാന്‍ സ്പീക്കറായി കെട്ടിയിറക്കിയ ആളല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ മുന്നോട്ട് വന്നിട്ടുള്ള ഒരാളാണ് ഞാന്‍. എന്റെ മതേതരത്വത്തെ ചോദ്യം ചെയ്യാന്‍ ഒന്നും ആര്‍ക്കും പറ്റില്ല. കേരളത്തില്‍ വിദ്വേഷ പ്രചാരണം നടക്കുകയാണ്. കേരളം അത് തള്ളിക്കളയും. മതവിശ്വാസികള്‍ എനിക്ക് ഒപ്പമാണ്.
എന്‍.എസ്.എസിന് അങ്ങനെ തോന്നിയെങ്കില്‍ അങ്ങനെ പറയാം. എനിക്ക് പ്രസംഗിക്കാനുള്ള അവകാശം പോലെ തന്നെ ജി സുകുമാരന്‍ നായര്‍ക്കും പറയാനുള്ള അവകാശം ഉണ്ട്. അദ്ദേഹം പ്രതിഷേധിച്ചു. അത് അദ്ദേഹത്തിന്റെ അവകാശമാണ്.
സംഘപരിവാര്‍ ആണ് തുടക്കത്തിലേ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. എന്‍എസ്എസ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. ദൗര്‍ഭാഗ്യകരമാണ് വിവാദം. ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലര്‍ത്തേണ്ട. 2014ലിലേക്ക് തിരിഞ്ഞു നോക്കണം. ഞാന്‍ അല്ല അതേതായാലും തുടങ്ങിയത്.