തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം നടത്താന്‍ ബോര്‍ഡ് നിര്‍ദേശം. ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളിലാണ് ചിങ്ങം ഒന്നിനും വിനായക ചതുര്‍ത്ഥിക്കും ഗണപതി ഹോമം നിര്‍ബന്ധമാക്കിയത്. മിത്ത് വിവാദത്തിനിടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം നടത്തിവരാറുള്ളതാണെങ്കിലും ആദ്യമായാണ് എല്ലാ ക്ഷേത്രങ്ങളിലും നടത്തണമെന്ന നിര്‍ദേശമായി പുറത്തിറക്കുന്നത്.
1254 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഓണ്‍ലൈന്‍ സംവിധാനം ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങളിലൂടെ സ്വകാര്യക്ഷേത്രങ്ങളുമായി മത്സരത്തിന് ദേവസ്വം ക്ഷേത്രങ്ങളെ പ്രാപ്തമാക്കാനുള്ള ശ്രമമാണ് ബോര്‍ഡ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഗണപതിഹോമം എല്ലാ ക്ഷേത്രങ്ങളിലും നടത്തുന്നതുള്‍പ്പെടെയുള്ള തീരുമാനമെന്നാണ് ദേവസ്വംബോര്‍ഡിന്റെ വിശദീകരണം.
രണ്ട് ദിവസം നടക്കുന്ന ഗണപതി ഹോമത്തിന് ബുക്കിംഗ് സൗകര്യം ഒരുക്കണമെന്നും എല്ലായിടത്തും പ്രചാരണം നല്‍കണമെന്നും ബുക്കിങ്ങ് സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിനുള്ള ക്രമീകരണം ഒരുക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരും സബ് ഗ്രൂപ്പ് ഓഫീസര്‍മാരുമാണെന്നും ഉത്തരവില്‍ പറയുന്നു.