ഐ.എസ്.എല്‍ ഫുട്ബോള്‍ പ്ലേ ഓഫില്‍ ബംഗളുരു എഫ്.സിക്കെതിരായ മത്സരത്തിനിടെ ടീമിനെ കളത്തില്‍ നിന്നു പിന്‍വലിച്ച സംഭവത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാന് വുകുമനോവിച്ചിനുമെതിരേ കടുത്ത നടപടിയുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ 9.1.2 വകുപ്പ് പ്രകാരമാണ് ബ്ലാസ്റ്റേഴ്സിനും വുകുമനോവിച്ചിനുമെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
വുകുമനോവിച്ചിനു അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളില്‍ നിന്നു വിലക്കും ഏര്‍പ്പെടുത്തിയ എഐഎഫ്എഫ് കേരളാ ബ്ലാസ്റ്റേഴ്സിനു നാലു കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. സംഭവത്തില്‍ പരസ്യമായി മാപ്പു പറയാനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാപ്പ് പറയാന്‍ കൂട്ടാക്കാത്ത പക്ഷം രണ്ടു കോടി രൂപ കൂടി അധികമായി പിഴ ഈടാക്കണമെന്നും എഐഎഫ്എഫ് ഔദ്യോഗികമായി അറിയിച്ചു. ഇക്കഴിഞ്ഞ ഐ.എസ്.എല്‍ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ബംഗളുരു എഫ്.സിക്കെതിരേ മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ പിന്‍വലിച്ചതിനാണ് നടപടി. അന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ ബംഗളുരു എഫ്.സി. ഗോള്‍ നേടിയതിനു പിന്നാലെയാണ് ഗോളില്‍ പ്രതിഷേധിച്ച് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്.
ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരിച്ചുവിളിച്ച നടപടി ലീഗിന് കളങ്കമുണ്ടാക്കിയതായി അച്ചടക്ക സമിതി വിലയിരുത്തി. ‘ഫുട്ബോളിന്റെ ആദരിക്കപ്പെടുന്ന അംബാസഡറും സ്തുത്യർഹ സ്ഥാനവുമുള്ള ഇവാന് വുകോമനോവിച്ചിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരും രാജ്യത്തെ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളും ഉറ്റുനോക്കുകയാണ്. ഇവാന്റെയത്ര ഔന്നത്യവും അനുഭവപരിചയവുമുള്ള ഒരാൾ ഇത്തരമൊരു പ്രവൃത്തിയിൽ ഏർപ്പെടുന്നത് നിർഭാഗ്യകരമാണ്’ എന്നാണ് എഐഎഫ്എഫിന്റെ അച്ചടക്ക സമിതി നടപടികള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കിയത്.