യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ വേനൽക്കാലത്ത് 300 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മാസം യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ ദേശീയ വിമാനക്കമ്പനികൾ റദ്ദാക്കുകയും സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തതിനാലാണിത്. കൂടാതെ വിമാനക്കമ്പനികൾ പ്രധാന റൂട്ടുകളിൽ ചെറിയ വിമാനങ്ങൾ വിന്യസിച്ചതും സ്ഥിതി വഷളാക്കിയതും വിമാന നിരക്ക് വർധിപ്പിക്കാൻ കാരണമായതായി ട്രാവൽ ഏജന്റുമാർ പറഞ്ഞു. മാർച്ച് 25 മുതൽ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പ്, കോഴിക്കോട്, ഇൻഡോർ, ഗോവ എന്നീ സ്ഥലങ്ങളിലേക്ക് യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
എയർ ഇന്ത്യ കഴിഞ്ഞ മാസം ബോയിംഗിൽ നിന്ന് 220 വിമാനങ്ങളും എയർബസിൽ നിന്ന് 70 ബില്യൺ ഡോളർ വിലമതിക്കുന്ന 250 വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിമാനങ്ങൾ റദ്ദാക്കാനും ചെറിയ വിമാനങ്ങൾ വിന്യസിക്കാനുമുള്ള തീരുമാനം വിമാനക്കൂലി ഉയരാൻ കാരണമാക്കി. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലേക്കുള്ള യാത്രക്കാരെയാണ് നടപടി പ്രതികൂലമായി ബാധിച്ചത്.