ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 988.25 കോടി രൂപ (121.5 മില്യൻ ഡോളർ) യാത്രക്കാർക്കു റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യൻ ഡോളർ) പിഴയായും നൽകാൻ യുഎസ് ഉത്തരവിട്ടു. വിമാന സർവീസ് റദ്ദാക്കിയതിന് ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതിൽ കാലതാമസം വരുത്തിയതിനാലാണ് യുഎസ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. ഭൂരിഭാഗവും കോവിഡ് സമയത്തെ പരാതികളാണ്. അതേസമയം ആറ് എയർലൈനുകളിൽനിന്നായി ഏകദേശം 5000 കോടി രൂപയാണ് യുഎസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തിൽ ഈടാക്കുക.
റീഫണ്ട് ആവശ്യപ്പെടുന്നവർക്ക് മാത്രമേ ടിക്കറ്റ് തുക തിരിച്ചുനൽകു എന്ന എയർ ഇന്ത്യയുടെ നയം യുഎസ് ഗതാഗത വകുപ്പിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ വിമാന സർവീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് നിയമപരമായി തന്നെ റീഫണ്ടിന് അവകാശമുണ്ട്. എന്നാൽ അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് എയർ ഇന്ത്യ റീഫണ്ട് നൽകിയിരുന്നത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപുള്ളതാണ് ഈ പരാതികൾ.
ഔദ്യോഗിക അന്വേഷണ പ്രകാരം വിമാന സർവീസ് റദ്ദാക്കിയതു സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പിൽ സമർപ്പിച്ച 1,900 റീഫണ്ട് പരാതികളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാന് എയർ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തിരുന്നു. എന്നാൽ പരാതികൾ സമർപ്പിച്ച് വിമാനക്കമ്പനിയോട് നേരിട്ട് റീഫണ്ട് അഭ്യർഥിക്കുകയും ചെയ്ത യാത്രക്കാർക്ക് പണം തിരികെ കൊടുക്കുന്നതിനെടുത്ത സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ ഇതുവരെ നൽകിയിട്ടില്ല.
എയർ ഇന്ത്യയെ കൂടാതെ, ഫ്രോൻഡിയർ, ടിഎപി പോർച്ചുഗൽ, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയ്ക്കും യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. യുഎസ് നിയമപ്രകാരം, വിമാനക്കമ്പനികൾ വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്കു പണം തിരികെ നൽകുന്നതിന് എയർലൈനുകൾക്കും ടിക്കറ്റ് ഏജന്റുമാർക്കും നിയമപരമായ ബാധ്യതയുണ്ട്. കൂടാതെ എയർലൈൻ റീഫണ്ട് നിരസിക്കുകയും പകരം യാത്രക്കാർക്കു വൗച്ചറുകൾ നൽകുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.