എയർ ഇന്ത്യയുടെ കോഴിക്കോട്ടേക്കുള്ള സർവീസുകൾ അവസാനിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.10ന് ദുബൈയിൽ നിന്നും രാത്രി 11.45ന് ഷാർജയിൽ നിന്നും അവസാന വിമാനങ്ങൾ കോഴിക്കോട്ടെക്ക് പറന്നുയർന്നു. എയർ ഇന്ത്യയുടെ സർവിസ് അവസാനിക്കുന്നതോടെ ആഴ്ചയിൽ 2200 സീറ്റുകളുടെ കുറവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സുപ്രധാന സർവീസുകളാണിവ. അതേസമയം ദുബായിൽ നിന്ന് മുംബൈ ഡൽഹി, ഗോവ, ഇൻഡോർ എന്നീ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഏതാനും സർവിസുകളും ഇന്നുമുതൽ നിർത്തലാക്കിയിട്ടുണ്ടെന്ന്.
കോഴിക്കോട് നിന്ന് വിദേശ സർവീസുകൾ ആരംഭിച്ചത് മുതൽ തുടർന്നു വരുന്ന സർവീസാണ് എയർ ഇന്ത്യയുടെ കോഴിക്കോട് – ഷാർജ സർവീസ്. മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷമാണ് എയർ ഇന്ത്യ ഈ സർവീസ് നിർത്തുന്നത്. അതേസമയം എയർ ഇന്ത്യ സർവീസുകളിൽ നിന്ന് പിന്മാറുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി ലഭിച്ചാലും പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാകും.
ദുബായിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ സർവീസുകൾ ഇന്ന് മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കും. ഇക്കാര്യം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എംപി അബ്ദു സ്സമദ് സമദാനിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇത് ഇതുവരെ നടപ്പായിട്ടില്ല. മാർച്ച് 26 മുതൽ ദുബായ് ടു കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവിസുകൾ മാത്രമാണുള്ളത്.ഇ തോടെ ദുബൈയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിനും എയർ ഇന്ത്യക്കും കൂടിയുണ്ടായിരുന്ന മൂന്ന് സർവിസുകൾക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവിസുകളിൽ മാത്രമായി ഒതുങ്ങും.
ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യയുടെ സർവിസിന് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. രാത്രി 10ന് പുറപ്പെട്ട് പുലർച്ചെ 3.40ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് ഈ സർവിസിന്റെ സമയം സൈറ്റുകളിൽ കാണിക്കുന്നത്. ഇതുവരെ എല്ലാ ദിവസവും ഇതേ റൂട്ടിൽ ഉച്ചക്ക് 12.55 ന് ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് മാർച്ച് 26 മുതൽ തിങ്കൾ, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാകും. ഈ ദിവസങ്ങളിൽ ഉച്ചക്ക് 1.10 ന് പുറപ്പെട്ട് വൈകീട്ട് 6.50 ന് കോഴിക്കോട്ട് എത്തും.
ഷെഡ്യൂളുകളിൽ മാറ്റം
എയർ ഇന്ത്യ എകസ്പ്രസ് എയർ ഇന്ത്യയുടെ സർവീസുകൾ ഏറ്റെടുക്കുന്നത്തോടെ ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകും. അതുകൊണ്ട് തന്നെ പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ പിഎൻആർ മാറ്റങ്ങൾ ഇ-മെയിൽ വഴിയോ ഫോൺ നമ്പർ വഴിയോ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം എയർ ഇന്ത്യ നിർത്തലാക്കിയ സെക്ടറുകളിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യണം. എയർ ഇന്ത്യയുമായി ബന്ധപ്പെടേണ്ട ഫോൺ : 06 5970444, എയർ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെടേണ്ട ഫോൺ : 06 5970303.