മസ്കത്ത്: നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വീണ്ടും പണി നൽകി എയർഇന്ത്യ എക്സ്പ്രസ്സ്. മസ്കത്തിൽ നിന്നുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയും മറ്റു സർവ്വീസുകളുമായി മെർജ്ജ് ചെയ്തുമാണ് എയർഇന്ത്യ എക്സ്പ്രസ്സ് ഒമാനിലെ പ്രവാസികൾക്ക് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.
മസ്കത്തിനും കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾക്കുമിടയിലുള്ള സർവീസുകൾ റദ്ദാക്കുകയും മറ്റു ചില സർവീസുകൾ ലയിപ്പിക്കുകയും ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 29, 31 തീയതികളിലെ കോഴിക്കോട്-മസ്കത്ത് സർവീസുകളും മെയ് 30, ജൂൺ ഒന്ന് തീയതികളിലെ മസ്കത്ത്-കോഴിക്കോട് സർവീസുകളും റദ്ദാക്കിയവയിൽപ്പെടുന്നു. മെയ് 30നുള്ള തിരുവനന്തപുരം-മസ്കത്ത്, മസ്കത്ത്-തിരുവനന്തപുരം സർവീസും റദ്ദാക്കി. മെയ് 31നുള്ള കണ്ണൂർ-മസ്കത്ത്, മസ്കത്ത് കണ്ണൂർ സർവീസുകളും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
അതേസമയം, ജൂൺ എട്ട്, ഒൻപത് തീയതികളിലുള്ള മസ്കത്ത്-കോഴിക്കോട്, മസ്കത്ത്-തിരുവനന്തപുരം സർവീസുകൾ ലയിപ്പിച്ച് ഒറ്റ സർവീസുകളായിരിക്കും നടത്തുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മസ്കത്തിലെത്തും. മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് വഴി തിരുവനന്തപുരത്തെത്തും.