ദില്ലി: പുതുതായി എത്തിയ ബോയിംഗ് 777 വിമാനങ്ങൾ സർവ്വീസിന് ഇറക്കി എയർഇന്ത്യ. മുംബൈയിൽ നിന്നും അമേരിക്കയിലെ ന്യൂയോർക്ക്, നെവാർക്ക് ലിബർട്ടി, സാൻഫ്രാൻസിസ്കോ നഗരങ്ങളിലേക്കുള്ള സർവ്വീസിനാണ് പുതിയ വിമാനങ്ങൾ എയർഇന്ത്യ വിന്യസിച്ചിരിക്കുന്നത്.
പുതിയ ആറ് ബോയിംഗ് 777 – 300 ഇ.ആർ വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ എയർഇന്ത്യയുടെ ഫ്ലീറ്റിലേക്ക് എത്തിയത്. മുംബൈ – ലണ്ടൻ ഹീത്രൂ റൂട്ടിലും പുതിയ വിമാനം സർവ്വീസ് നടത്തും എന്നാണ് വിവരം. പുതിയ വിമാനങ്ങൾ വരുന്നതോടെ എയർഇന്ത്യയിലെ ഫസ്റ്റ് ക്ലാസ്സ് സർവ്വീസുകൾക്ക് കൂടി തുടക്കമായി. മുംബൈ – ന്യൂയോർക്ക് വിമാനത്തിൽ 28 ബിസിനസ് ക്ലാസ്സ് സീറ്റുകളും 48 പ്രീമിയം ഇക്കോണമി ക്ലാസ്സ് സീറ്റുകളും 212 ഇക്കോണമി ക്ലാസ്സ് സീറ്റുകളുമാണ് ഉണ്ടാവുക. നെവാർക്ക് റൂട്ടിൽ പറക്കുന്ന വിമാനത്തിൽ എട്ട് ഫസ്റ്റ് ക്ലാസ്സ് സീറ്റുകളും, 40 ബിസിനസ് ക്ലാസ്സ് സീറ്റുകളും 280 ഇക്കോണമി ക്ലാസ്സ് സീറ്റുകളും ഉണ്ടാവും.
ദീർഘദൂരം നിർത്താതെ പറക്കാൻ സാധിക്കും എന്നാണ് പുതിയ വിമാനങ്ങളുടെ ഏറ്റവും വലിയ സവിശേഷത ഇതിനാലാണ് ദൂരമേറിയ അമേരിക്കൻ റൂട്ടുകളിൽ ഈ വിമാനങ്ങൾ എയർഇന്ത്യ ഉപയോഗിക്കുന്നത്. മികച്ച യാത്രാസൌകര്യവും മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങളുമാണ് പുതിയ വിമാനങ്ങളുടെ സവിശേഷത.