കുവൈറ്റിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ ആദ്യ സർവീസ് ആരംഭിച്ചു. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിനെയും കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിനേയും ബന്ധിപ്പിക്കുന്ന പുതിയ വിമാനം ഇരു രാജ്യങ്ങളുടെയും വ്യോമഗതാഗതത്തെ കൂടിയാണ് ബന്ധിപ്പിക്കുന്നത്. ദിവസവും ഒരു സർവീസ് വീതമായിരിക്കും ഉണ്ടായിരിക്കുക എന്നും കുവൈറ്റിലെ യുഎഇ അംബാസിഡർ ഡോ. മദർ അൽ നെയാദി പറഞ്ഞു.
ജിസിസിയിലെ കുറഞ്ഞ നിരക്കിലുള്ള എയർലൈനാണ് എയർ അറേബ്യ. അതേസമയം പുതിയ സർവീസിൽ എല്ലാം സൗകര്യങ്ങളും ഒരുക്കാൻ സജ്ജമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ്സിവിൽ ഏവിയേഷൻ (ഡി ജി സി എ ) കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദ്ദാഹി വ്യക്തമാക്കി.