ഐൻ ദുബായ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് അധികൃതർ. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്.
ദുബായ് നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായിൽ ഒരുതവണ കറങ്ങി വരാൻ 38 മിനിറ്റ് എടുക്കും. ദുബായ് ബ്ലൂവാട്ടേഴ്സ് ദ്വീപിലെ ഐൻ ദുബായ് അറ്റകുറ്റപ്പണി തീർത്ത് എത്രയും വേഗം തുറക്കാനാണ് നിലവിലെ പദ്ധതി. എന്നാൽ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
250 മീറ്റർ ഉയരമുള്ള ഐൻ ദുബായിൽ 48 കാബിനുകൾ ആണ് ഉള്ളത്. ഓരോ കാബിനിലും 40 പേരെ വീതം പ്രവേശിപ്പിക്കാം. 2022 ഒക്ടോബറിൽ അടയ്ക്കുമ്പോൾ അറ്റകുറ്റപ്പണികൾ തീർത്ത് ഈ വർഷം ആദ്യപാദത്തിൽ തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.