സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് വച്ച് ചേർന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപനം നടത്തിയത്. ജാതി വിവേചനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജി. എന്നാൽ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന പേരിൽ പ്രചരിച്ചതെന്നാണ് അടൂരിന്റെ വാദം. ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി അപഖ്യാതികളാണ് അടൂർ ചെയര്‍മാനായിട്ടുള്ള സ്ഥാപനത്തെ പറ്റി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഐഎഫ്എഫ്കെ വേദിയിളായിരുന്നു ഈ പ്രചാരണങ്ങള്‍ കൂടുതലായും ഉയർന്നു വന്നത്. അതേസമയം സത്യാവസ്ഥ എന്തെന്ന് കണ്ടെത്താൻ മാധ്യമങ്ങൾ പോലും ശ്രമിച്ചില്ല. അതില്‍ അതിയായ ദുഖമുണ്ട്. കള്ളം കള്ളത്തെ പ്രസവിക്കുമെന്ന ചൊല്ലാണ് ഇവിടെ സംഭവിച്ചത്. ആടിനെ പട്ടിയാക്കുന്ന നടപടിയാണ് ഉണ്ടായതും. ഒരു വശം മാത്രം കേട്ടുകൊണ്ട് സത്യത്തെ മൂടിവയ്ക്കുകയാണ് എല്ലാവരും ചെയ്തതെന്ന് അടൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി അടൂർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് നേരിട്ടാണ് അടൂർ രാജിക്കത്ത് സമർപ്പിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദളിത് ജോലിക്കാരെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചത് നുണയാണ്. അത് അന്വേഷണത്തിൽ തെളിഞ്ഞതുമാണ്. അവരാരും പട്ടികജാതിയില്‍പ്പെടുന്ന ആളുകൾ അല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ്. ഡയറക്ടറുടെ ഔദ്യോഗിക വസതിയിൽ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചെന്ന് പറയുന്നത് തെറ്റാണെന്നും അടൂര്‍ രാജിയ്ക്ക് ശേഷം പ്രതികരിച്ചു.