കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനെന്ന് എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍. സ്ഥിരമായി സാക്കിര്‍ നായിക്കിന്റെ വീഡിയോ കാണാറുണ്ട്. ട്രെയിനിലെ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയാണെന്നും എ.ഡി.ജി.പി പറഞ്ഞു.
ഷാരൂഖ് സെയ്ഫി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായതെന്നും അതിന്റെ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഈ വ്യക്തി തീവ്ര ചിന്താഗതിക്കാരനാണ. ഷാരൂഖ് സെയ്ഫി സാക്കീര്‍ നായിക്കിന്റെതുള്പ്പെടെയുള്ള റാഡിക്കലൈസ്ഡ് വീഡിയോകള്‍ കാണുന്ന ആളായിട്ടാണ് ഇതുവരെ മനസിലായിട്ടുള്ളത്. പുള്ളി ഇത്തരം ഒരു കാര്യം ചെയ്യാന്‍ വേണ്ടി പ്ലാന്‍ ചെയത് തന്നെയാണ് വന്നത്. അതാണ് ചെയ്തതും. അദ്ദേഹം ഡല്‍ഹിയിലെത്തി, കേരളത്തില്‍ നിന്ന് കുറ്റകൃത്യം ചെയ്യുന്ന സ്ഥലത്തെത്തി, അവിടുന്ന്, കണ്ണൂരെത്തി, അവിടുന്ന് രത്നഗിരിയിലെത്തി പിടിക്കപ്പെടുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ട്രാക്ക് ചെയ്തിട്ടുണ്ട്. തെളിവുകളും ശേഖരിച്ചിട്ടുണ്ട്,’ എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം, ശാസ്ത്രീയ തെളിവുകളടക്കം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതെന്നും അജിത്കുമാര്‍ പറഞ്ഞു.
നിലവില്‍ പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പറയാനാകില്ല. പ്രതിക്ക് 27 വയസായി. പ്ലസ്ടു വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നാഷണല്‍ ഓപ്പണ്‍ സ്കൂളിലാണ് പഠിച്ചത്. കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഇത് വിപുലമായി അന്വേഷിക്കേണ്ട കേസ് ആണെന്നും എ.ഡി.ജി.പി പറഞ്ഞു.
ഏപ്രില്‍ രണ്ടിന് ആലപ്പുഴയില്‍ നിന്ന് കണ്ണൂരേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രാക്കാര്‍ക്ക് നേരെയാണ് പ്രതി പെട്രോള്‍ ഒഴിച്ച് തീവെച്ചത്. കോഴിക്കോട് എലത്തൂര്‍ വെച്ചായിരുന്നു സംഭവം. സംഭവത്തെത്തുടര്‍ന്ന് മൂന്ന് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.