കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ നടിയുടെ പരാതിയിൽ ബലാൽസംഗക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒമർ ലുലു തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. എന്നാൽ നടിയുടെ ആരോപണം നിഷേധിച്ച ഒമർ ലുലു ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തി വിരോധം മൂലമാണെന്നും പറഞ്ഞു.
നടിയുമായി അടുത്ത സൗഹൃദം തനിക്ക് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് ഇപ്പോൾ ഇങ്ങനെയൊരു പരാതി നൽകാൻ കാരണമായതെന്നും തനിൽ നിന്നും പണം തട്ടാനുള്ള നീക്കമാണിതെന്നും ഒമർ ലുലു ആരോപിച്ചു. നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി സിറ്റി പൊലീസിലാണ് നടി ആദ്യം പരാതി നൽകിയത്. തുടർ നടപടികൾക്കായി സിറ്റി പൊലീസ് ഈ പരാതി നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് അടുത്ത സിനിമയിൽ വേഷം വാഗ്ദാനം ചെയ്തും സൗഹൃദം നടിച്ചും ഒമർലുലു പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.