രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് തമിഴ് നടന് വിശാല്‍. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഫാന്‍സ് ക്ലബ് വഴി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നത് തുടരും. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടിലെന്നും വിശാല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടന് പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.
‘ഒരു നടന് എന്ന രീതിയിലും സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന രീതിയിലും എന്നെ കാണുന്ന തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നു. എന്റെ ഫാന്‍ ക്ലബിനെ അതിന്റെ തുടക്കം മുതലെ ഒരു സാധാരണ സംഘടനയായി കാണാതെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനുതകുന്ന ഒന്നായി മാറ്റണം എന്നാണ് ഞാന്‍ കരുതിയിട്ടുള്ളത്. ആവശ്യമുള്ള ആളുകള്‍ക്ക് സഹായം എത്തിച്ചു നല്കുന്ന രീതിയില്‍ തന്നെയാണ് ഫാന്‍ ക്ലബ് നിലവില്പ്രവര്ത്തിച്ച് വരുന്നത്,’ വിശാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജില്ല തലത്തിലും നിയമസഭകളുടെ അടിസ്ഥാനത്തിലും ഒരു ജനക്ഷേമ പ്രസ്ഥാനം രൂപീകരിക്കാനാണ് അടുത്തതായി താന്‍ ലക്ഷ്യം വെക്കുന്നത്. തന്റെ അമ്മയുടെ പേരില്‍ തുടങ്ങിയിട്ടുള്ള ദേവി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിലവില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. ബുദ്ധിമുട്ടിലായ കര്‍ഷകരെയും സഹായിക്കുന്നുണ്ട്. ഞാന്‍ ഷൂട്ടിങ്ങിനും മറ്റും പോകുമ്പോള്‍ അവിടെയുള്ള മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ കേള്‍ക്കുകയും പീപ്പിള്‍സ് വെല്‍ഫയര്‍ മൂവ്മെന്റിലൂടെ അത് നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം സേവനങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു രാഷ്ട്രീയ നേട്ടവും ഞാന്‍ ലക്ഷ്യം വെച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ അങ്ങനെ സംഭവിക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ അത് താന്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയുമെന്നും വിശാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
2017ല്‍ ജയലളിതയുടെ മരണത്തിന് ശേഷം നടന്ന ആര് കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ പിഴവുണ്ടെന്ന് കാണിച്ച് താരത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളിപോയിരുന്നു.