ദുരിതമനുഭവിക്കുന്ന ജനതയാണ് അട്ടപ്പാടിയിലെ ഗോത്ര ഊരുകളിലുള്ളവർ. മതിയായ സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്നവരാണ് ഇവർ. ഇപ്പോഴിതാ അട്ടപ്പാടി നിവാസികൾക്ക് വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അട്ടപ്പാടിയിലെ എട്ട് ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകളാണ് മുൻ എം പി കൂടിയായ സുരേഷ് ഗോപി സഹായമായി നൽകിയിരിക്കുന്നത്.
പ്രത്യേകം രൂപകൽപന ചെയ്ത സ്ട്രക്ച്ചറുകളാണ് ഇവ. അതേസമയം സുരേഷ് ഗോപിയുടെ അസ്സാന്നിധ്യത്തിൽ ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത മാസങ്ങൾക്ക് മുൻപ് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ പുതപ്പിലും മുളം തണ്ടിലുമേറ്റിയാണ് കിണറ്റുകര, മുളക്കര, കടുകുമണ്ണ, തൊടുക്കി തുടങ്ങിയ എട്ട് ആദിവാസി ഊരുകളിലെ രോഗികളെ ആളുകൾ എപ്പോഴും ആശുപത്രിയിലെത്തിക്കുന്നത്. ഇതിന് പിന്നാലെയാണ് റോഡ് സൗകര്യം ഇല്ലാത്ത അട്ടപ്പാടിയിലെ എട്ട് ഊരുകൾക്ക് രോഗികളെ എത്തിക്കാൻ നടൻ സഹായവുമായെത്തിയത്.