സംഗീത സംവിധായകൻ എ.ആർ.റഹ്മാനു വേണ്ടി പാട്ടെഴുതി ആലപിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിലെ യുവ നടൻ നീരജ് മാധവ്. ചിമ്പു–ഗൗതം മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘വെന്തു തനിന്തതു കാടി’നു വേണ്ടിയാണ് നീരജ് പാട്ടെഴുതി ആലപിചിരിക്കുന്നത്.
ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് നിറവേറിയിരിക്കുകയാണെന്നാണ് നീരജ് മാധവ് പറയുന്നത്. തമിഴിലെ നീരജിന്റെ അരങ്ങേറ്റചിത്രം കൂടിയാണ് ‘വെന്തു തനിന്തതു കാട്’. ‘ഇത് ആരോടും പറയാതിരിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. പക്ഷെ, എനിക്കതിനാവുന്നില്ല. എ.ആർ.റഹ്മാൻ സാറിനു വേണ്ടി ഞാൻ ഒരു പാട്ടെഴുതി ആലപിച്ചിരിക്കുന്നു. നമ്മുടെ സ്വപ്നങ്ങൾക്കായി പരിശ്രമിച്ചാൽ അത് യാഥാർഥ്യമാകുമെന്നതിന്റെ തെളിവാണിത്” നീരജ് സാമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലെ കുറിപ്പിൽ പറയുന്നു.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നപ്പോൾ വേദിയിൽ അദ്ദേഹത്തിന്റെ മുൻപിൽ ചില വരികൾ ആലപിക്കാനുള്ള അവസരവും ലഭിച്ചു. റെക്കോർഡിങ് സമയത്ത് ശരിക്കുമൊരു ഫാൻബോയ് നിമിഷമായിരുന്നു തനിക്ക്. നീരജ് കൂട്ടിച്ചേർത്തു. ‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘വെന്ത് തനിന്തത് കാട്’. മലയാള നടൻ സിദ്ദീഖ് ആണ് ചിത്രത്തിലെ വില്ലനായെത്തുന്നത്. ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് .