നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ബാല.
കുറച്ചു ദിവസങ്ങളായി ബാലക്ക് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു.
തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കുമെന്ന് ആശുപത്രി പിആര്‍ഒ വ്യക്തമാക്കി. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിൻ്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
കഴിഞ്ഞ ദിവസം വരെ ബാല സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നടി മോളി കണ്ണമാലിക്ക് ചികിത്സാ സഹായം നൽകിയത് ബാലയായിരുന്നു. ആശുപത്രി വാസത്തിന് ശേഷം മോളി കണ്ണമാലി ബാലയെ സന്ദർശിച്ചതും വാർത്തയായിരുന്നു.
‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. ‘ബിഗ് ബി’ , പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീക്കിൻ്റെ സന്തോഷം’ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.