തൊഴിലാളികൾക്ക് കരുതലായി അബുദാബി നഗരസഭ. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അനുവദിച്ച ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ അറിയിച്ചു. പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നപടി. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരസഭ മിന്നൽ പരിശോധനകളും നടത്തുന്നുണ്ട്.
ചൂടിന് അൽപം കുറവുണ്ടെെങ്കിലും നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ വിശദീകരിക്കുന്നതിനായി അബുദാബി നഗരസഭാ നടത്തിയ ക്യാംപെയിനിലാണ് ഉദ്യോഗസ്ഥർ
ഇക്കാര്യം വ്യക്തമാക്കിയത്.
താപനില ഉയരുന്നതിനാൽ സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും പുറംജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് വിശ്രമം നൽകേണ്ടതെന്നും അധികൃതർ പറഞ്ഞു. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളികൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.