ലെ സാബ്ലെ ദെലോൻ: പരമ്പരാഗത രീതിയിൽ യന്ത്രസഹായമില്ലാതെ ലോകം മുഴുവൻ പായ്വഞ്ചിയിൽ സഞ്ചരിക്കേണ്ട ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് അഭിലാഷ് ടോമി സ്വന്തം പായ്വഞ്ചിയിൽ ഫിനിഷിംഗ് പോയിൻ്റിൽ എത്തിയത്.
ഗോൾഡൻ ഗ്ലോബ് ബോട്ട് റേസ് പൂർത്തിയാക്കുന്നആദ്യത്തെ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും സഞ്ചരിച്ചാണ് അഭിലാഷ് റേസിംഗ് പൂർത്തിയാക്കിയത്. ആകെ 48,000 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ കടൽമാർഗം അഭിലാഷ് പിന്നിട്ടത്. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനിൽ നിന്നാണ് 2002 സെപ്തംബറിൽ അഭിലാഷ് യാത്ര തുടങ്ങിയത്.
ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറാണ് റേസിൽ ഒന്നാമത് എത്തിയത്. വ്യാഴാഴ്ച വൈകിട്ട് എഴ് മണിയോടെ ഇവരുടെ ബോട്ട് ഫിനിഷിംഗ് പോയിൻ്റിൽ എത്തി. വൻ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. 235 ദിവസമെടുത്താണ് കിഴ്സറ്റൻ തൻ്റെ യാത്ര പൂർത്തിയാക്കിയത്. മത്സരത്തിൽ അവശേഷിക്കുന്ന ഒരേയൊരു മത്സരാർത്ഥി ഓസ്ട്രേലിയൻ നാവികൻ മൈക്കൽ ഗുഗൻബർഗറാണ് ഇദ്ദേഹം ഫിനിഷിംഗ് പോയിൻ്റിൽ എത്താൻ ഇനിയും പതിനഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.
നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി 2018-ലും ഗോൾഡൻ ഗ്ലോബ് ബോട്ട് റേസിൽ അഭിലാഷ് പങ്കെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട് അഭിലാഷിൻ്റെ വഞ്ചി തകർന്നു. ബോട്ടിൽ നടുതെന്നി വീണ് ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടുത്ത കപ്പലാണ് രക്ഷപ്പെടുത്തിയത്.
ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടിൽ വി.സി. ടോമിയുടെ മകനാണ് അഭിലാഷ് ടോമി. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ലെഫ്റ്റ്നന്റ് കമാൻഡറായ അഭിലാഷ് പരസഹായം കൂടാതെ, നിർത്താതെ പായ് വഞ്ചി തുഴഞ്ഞ് ലോകം ചുറ്റിയത്. യാത്ര ആരംഭിച്ചിടത്ത് തന്നെ അവസാനിപ്പിക്കുമ്പോൾ 157 ദിവസം കഴിഞ്ഞിരുന്നു. 22000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച ഇദ്ദേഹം ഈ കാലയളവിൽ വഞ്ചി ഒരു തുറമുഖത്തും അടുപ്പിച്ചിരുന്നില്ല. ആരുടേയും സഹായം തേടിയതുമില്ല. അഭിലാഷിൻ്റെ ഈ സാഹസികതയെ കീർത്തിചക്ര പുരസ്കാരം നൽകിയാണ് രാജ്യം ആദരിച്ചത്. ടെൻസിങ് നോർഗെ നാഷ്ണൽ അഡ്വഞ്ചർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത പായ്വഞ്ചിയിലൂടെ ലോകം മുഴുവൻ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ സഞ്ചരിച്ച് വരികയെന്നതാണ് ഗോൾഡൻ ഗ്ലോബ് ബോട്ട് റേസ് മത്സരം. 1968-ലാണ് ഗോൾഡൻ ഗ്ലോബ് റേസ് ആദ്യം സംഘടിപ്പിച്ചത്. ഇതിൻ്റെ രണ്ടാം എഡിഷനാണ് 2018-ൽ നടന്നത്. ഫ്രാൻസിലെ സാബ്ലെ ദെലോനിൽ നിന്നാണ് മൂന്നാം എഡിഷൻ ആരംഭിച്ചതും അവസാനിക്കുന്നതും. 1968-ലെ മത്സരത്തിന് നാവികർ ഉപയോഗിച്ച അതേ മാതൃകയിലുള്ള ബോട്ടുകളും സാങ്കേതികവിദ്യകളും സൗകര്യങ്ങളും മാത്രമാണ് ഇപ്പോഴും മത്സരാർത്ഥികൾക്ക് അനുവദിക്കുന്നത്. 16 നാവികരുമായിട്ടാണ് മത്സരം തുടങ്ങിയതെങ്കിലും എട്ട് മാസം കഴിഞ്ഞ് റേസ് തീരുമ്പോൾ അഭിലാഷ് അടക്കം മൂന്ന് പേർ മാത്രമാണ് ബാക്കിയുള്ളത്. പ്രതികൂല കാലാവസ്ഥയും അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും കാരണം ബാക്കി 13 പേർക്കും ഇതിനിടെ പിന്മാറേണ്ടി വന്നു.