ബ്ലെസ്സി – പൃഥ്വിരാജ് കൂട്ടുകെട്ടിൽ തീർത്ത പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെ ട്രെയിലർ പങ്കുവെച്ച് പൃഥ്വിരാജ്. സിനിമയുടെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിലാണ് നടൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ചലച്ചിത്രമേളകൾക്കായി ഒരുക്കിയ ട്രെയിലർ ആണെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും നടൻ പറഞ്ഞു.
യൂട്യൂബിലും ട്വിറ്ററിലുമാണ് ട്രെയിലറിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. ‘ഫോർ പ്രിവ്യു’ എന്ന് രേഖപ്പെടുത്തിയ പതിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞത്. ഡെഡ്ലൈൻ എന്ന വിദേശ മാധ്യമമാണ് ട്രെയിലർ പുറത്തുവിട്ടത്. എന്നാൽ ട്രെയിലർ ചോർന്നതല്ല ചിത്രത്തിന്റെ ഫെസ്റ്റിവൽ പ്രിവ്യൂ ട്രെയിലർ പതിപ്പാണ് പ്രചരിക്കുന്നതെന്നാണ് വിശദീകരണം. ഈ വർഷം മെയ് മാസം നടക്കുന്ന കാൻ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേൾഡ് പ്രിമിയർ നടത്താൻ പൃഥ്വിരാജും ബ്ലെസിയും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രമോഷൻ അടുത്ത ആഴ്ച തുടങ്ങും. പ്രിവ്യു പതിപ്പ് ലീക്ക് ചെയ്തതോടെയാണ് ട്രെയിലറിന്റെ ഒറിജിനൽ പൃഥ്വിരാജ് തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
‘ഇത് മനപൂർവമല്ലായിരുന്നു. ഇത് ഓൺലൈനിൽ ‘ലീക്ക്’ ആകാനായി ഒരുക്കിയതല്ല. എന്നാൽ ചലച്ചിത്രമേളകൾക്ക് മാത്രമായി കട്ട് ചെയ്ത ‘ആടുജീവിതം’ ട്രെയിലർ ഓൺലൈനിലൂടെ പുറത്തുവന്നത് നിങ്ങളിൽ മിക്കവർക്കും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ‘ദ ഗോട്ട് ലൈഫ്’ (പൂർത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്രമേളക്കായുള്ള ട്രെയിലർ… നിങ്ങൾക്ക് ഇത് ഇഷ്ടമാവുമെന്ന് കരുതുന്നു’, പൃഥ്വിരാജ് കുറിച്ചു.