ഓസ്ട്രേലിയൻ വനിതയെ കൊന്നതിന് ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട നഴ്സായ ഇന്ത്യൻ യുവാവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.23 കോടി രൂപ) ഇനാം പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് പൊലീസാണ് പ്രതിയുടെ ഫോട്ടോയടക്കം ഇനാം പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് ഭാഗത്തായി 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോർഡിങ്ലെയെയാണ് രാജ്വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സ് കൊലപ്പെടുത്തിയത്.
കോര്ഡിങ്ലെയെ കൊലപ്പെടുത്തിയതിന് ശേഷം രണ്ടു ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്നു മക്കളെയും ഇയാൾ ഓസ്ട്രേലിയയിൽ ഉപേക്ഷിച്ചു. ശേഷം ജോലി രാജിവച്ച് രാജ്വീന്ദർ നാടുവിടുകയായിരുന്നു. ഇന്നിസ്ഫെയ്ലിലാണ് ഇയാൾ നഴ്സ് ആയി ജോലി ചെയ്തിരുന്നത്. അതേസമയം ക്വീൻസ്ലൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയിൽ ഏറ്റവും വലിയ ഇനാം തുകയാണ് ഇത്.
കോർഡിങ്ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബർ 22ന് കേൺസ് വിമാനത്താവളം വഴി രാജ്വീന്ദർ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉള്ളവർക്കും ക്വീൻസ്ലൻഡ് പൊലീസിന്റെ http://police.qld.gov.au/reporting എന്ന ഓൺലൈൻ പോർട്ടൽ വഴി വിവരം അറിയിക്കാം.