തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ വിലായത്തിൽ ബഹുമുഖ ഉദ്ദേശ്യത്തോടെയുള്ള പുതിയ തുറമുഖം സ്ഥാപിക്കുന്നു. കൃഷി, മത്സ്യബന്ധന ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2021-2025 പത്താം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന പദ്ധതികളിലൊന്നാണിത്. തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് ഇവ സ്ഥാപിക്കുന്നത്.
ഒമാനിലെ മത്സ്യബന്ധന മേഖലയിലേക്ക് നിക്ഷേപങ്ങൾക്ക് ആകർഷിക്കാനുള്ള അന്തരീക്ഷം ഒരുക്കുക, മത്സ്യവിഭവങ്ങളിൽനിന്ന് പ്രയോജനം നേടുക, തുറമുഖ സങ്കേതങ്ങൾക്കുള്ളിൽ നിരവധി പൊതു-സ്വകാര്യ സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് തുറമുഖം വരുന്നതോടുകൂടി സാധ്യമാവുക. ഒമാനി മത്സ്യത്തൊഴിലാളികൾക്ക് ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുകയും പുതിയ തുറമുഖം സ്ഥാപിക്കുന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
തുറമുഖത്തിന് 2,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്. സർക്കാർ, സ്വകാര്യ സേവന സൗകര്യങ്ങൾ, ഗതാഗതം, മത്സ്യബന്ധന-ടൂറിസം മേഖലകൾക്കുള്ള സേവനം തുടങ്ങി നിരവധി പദ്ധതികളാണ് ഇതിൽ ഉൾപ്പെടുക. 3,052 മീറ്റർ നീളത്തിൽ മെയിൻ ബ്രേക്ക്വാട്ടർ, 1,120 മീറ്റർ നീളത്തിൽ സെക്കൻഡറി ബ്രേക്ക്വാട്ടർ, 590 മീറ്റർ നീളത്തിൽ ഫിക്സഡ് ബെർത്ത്, മത്സ്യബന്ധന ബോട്ടുകൾ, ട്രോളറുകൾ, ഉല്ലാസബോട്ടുകൾ എന്നിവക്കുള്ള ഫ്ലോട്ടിങ് ബർത്തുകളും പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. തുറമുഖത്തെ ജലതരംഗങ്ങളിൽനിന്ന് സംരക്ഷിക്കുന്ന കൃത്രിമ കടൽത്തീരമാണ് ബ്രേക്ക്വാട്ടർ.