യമനിലെ തേസിൽ അനാഥകൾക്കും വിധവകൾക്കും മറ്റ് അശരണർക്കും മറ്റ് ആവശ്യക്കാർക്കുമായി ഒരു ഗ്രാമം പണിത് നൽകി കുവൈറ്റ്. ചാരിറ്റി സംഘടനയായ അൽ സലാം അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റിസ് ആണ് ഇതിന് നേതൃത്വം വഹിച്ചത്.
1.4 മില്യൺ ദിനാർ അതായത് 4.5 മില്യൺ യു എസ് ഡോളർ ചിലവഴിച്ചാണ് ഈ ഗ്രാമം നിർമിച്ചിരിക്കുന്നത്. 144 അപ്പാർട്ട്മെന്റുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ഗ്രാമത്തിന്റെ ഘടന. കൂടാതെ ആരോഗ്യ സംരക്ഷണ സൗകര്യം, സ്കൂൾ, ബേക്കറി, ഏഴോളം കടകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം ചാരിറ്റിയുടെ പിന്തുണയിൽ സുസ്ഥിര പദ്ധതികളിലൂടെ ഗ്രാമവാസികളെ സ്വയം പര്യാപ്തത നേടുന്നതിനും ഇത് ഉപകരിക്കും. ഒരു വർഷം ഗ്രാമത്തിന്റെ ചെലവുകൾ വഹിക്കാനും സംഘടന പദ്ധതിയിടുന്നുണ്ട്. സിറിയയിലും സമാനമായ സംരംഭം നടത്താൻ ഉദ്ദേശിക്കുന്നതായും ചാരിറ്റി വ്യക്തമാക്കി.