കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ അപ്രഖ്യാത വിലക്ക് വിവാദം ശശി തരൂരിന് പുതിയ രാഷ്ട്രീയ വഴി വെട്ടാൻ ഗുണകരമാകുമെന്ന് വിലയിരുത്തൽ. സംസ്ഥാന നേതാക്കളെ മറികടന്നുള്ള തരൂരിന്റെ പര്യടനം കോൺഗ്രസിൽ വൻ വിവാദങ്ങൾക്കിടയാക്കി. ഇപ്പോൾ പാണക്കാട്ട് എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. എന്നാൽ തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പിന്നീട് പ്രതികരിച്ചു.
പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണെന്നും മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണോ പാണക്കാട് സന്ദര്‍ശനമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതു രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെങ്കിലും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
തരൂരിന്റെ പാണക്കാട് സന്ദർശനം പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാല്‍ ഒരു ഗ്രൂപ്പുണ്ടാക്കാനും ഞങ്ങള്‍ക്ക് താല്പര്യമില്ലെന്ന് തരൂർ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് എയും ഐയും തന്നെ കൂടുതലാണ്, ഇനി ഒയും ഇയും ഒന്നും വേണ്ട. ഇനി ഒരക്ഷരം വേണമെങ്കില്‍ യു ആകാം, യുണൈറ്റഡ് കോണ്‍ഗ്രസ്, അതാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്’, തരൂര്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ ശശി തരൂരിന് എതിരായ അപ്രഖ്യാപിത വിലക്കില്‍ നെഹ്റു കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇത് സംബന്ധിച്ച് എം കെ രാഘവന് നല്കിയ പരാതിയില്‍ വ്യക്തത തേടിയിരിക്കുകയാണ് സോണിയ ഗാന്ധി. തരൂരിനെതിരായ സംഘടിത നീക്കത്തെ തടയാൻ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചു.
മലബാർ പര്യടനത്തിലൂടെ പുതിയ രാഷ്ട്രീയ വഴി വെട്ടാനാണ് തരൂരിന്റെ നീക്കമെന്നും ഇതിനെ ചെറുത്തുനിൽക്കുകയാണ് കോൺഗ്രസ് കേരള ഘടകത്തിന്റെ ലക്ഷ്യമെന്നും ആക്ഷേപം ഉയരുന്നുണ്ട്. എഐസിസി തെരഞ്ഞെടുപ്പിലെ തരൂരിന്റെ സ്വീകാര്യത മുതലെടുത്തുകൊണ്ട് കൂടുതൽ ആളുകളെ തന്നിലേക്ക് അടുപ്പിക്കാനും തരൂർ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പര്യടനമെന്നും രാഷ്ട്രീയ നിരീഷകർ വിലയിരുത്തുന്നു.