പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ റൊണാൾഡോ ലംഘിച്ചുവെന്നും അതുകൊണ്ട് താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
പിയേഴ്സ് മോര്ഗൻ നടത്തിയ അഭിമുഖത്തില്‍ റൊണാൾഡോ മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരെയും അധികൃതര്‍ക്കെതിരെയും രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് യുണൈറ്റഡ് താരത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്.
ലോകകപ്പ് കഴിഞ്ഞ് ക്ലബ്ലിൻ്റെ കാരിംഗ്ടണ്‍ ട്രെയിനിംഗ് ബേസിലേക്ക് ഇനി വരേണ്ടതില്ലെന്ന് റൊണാൾഡോയ്ക്ക് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോർട്ട്. ഖത്തര്‍ ലോകകപ്പിനായി പോര്‍ച്ചുഗല്‍ ടീമിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാനുളള സാധ്യതയും കുറവാണ്.
അഭിമുഖത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്ന് റൊണാൾഡോ പ്രതികരിച്ചിരുന്നു.
കൂടാതെ ക്ലബ് മാനേജരും സീനിയര്‍ എക്സിക്യുട്ടീവ് പദവിയിലുള്ളവരും ചേർന്ന് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു. താൻ ചതിക്കപ്പെട്ടുവെന്നും ജനങ്ങള്‍ സത്യം തിരിച്ചറിയണമെന്നും റൊണാള്‍ഡോ ആരോപിക്കുകയും ചെയ്തു.
വെളളിയാഴ്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ താരം നൽകിയ അഭിമുഖത്തിന് പിന്നാലെ ക്ലബ് നടപടികൾ സ്വീകരിച്ചതായി അറിയിച്ചിരുന്നു. ഇപ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകരെയും നിയമിച്ചിട്ടുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്.