ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരം നടത്തി. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ 92 പള്ളികളിലായാണ് നമസ്കാരം നടന്നത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി അൽ വജ്ബ പ്രാർത്ഥന മൈതാനിയിൽ നമസ്കാരം നിർവഹിച്ചു.
സുപ്രീംകോടതി ജഡ്ജിയും ചീഫ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയർ അൽ ഷമ്മാരിയാണ് പ്രാത്ഥനയ്ക്ക് നേതൃത്വം നൽകിയത്. പ്രവാചചര്യ പിന്തുടർന്ന് പുലർച്ചെയാണ് മഴ പ്രാർത്ഥന നടത്തുക. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി നടന്ന പ്രാർത്ഥനയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ഷെയ്ഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ ആൽഥാനി, ഷെയ്ഖ് ഖസിം ബിൻ ഖലീഫ ആൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനി, മറ്റ് ഷെയ്ഖുമാർ, മന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.