കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി (54) അന്തരിച്ചു. കെപിസിസി അംഗവും മുന്‍ കണ്ണൂര്‍ ഡിസിസി അധ്യക്ഷനുമായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി പതിനൊന്നു മണിയോടെയാണ് സതീശന് പാച്ചേനിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡികല്‍ കോളജില്‍ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടെതടക്കമുള്ള നിര്‍ദേശ പ്രകാരം ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 11:30നാണ് മരണം സംഭവിച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സതീശൻ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.