പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി ഒരു സർപ്രൈസ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ തെലുങ്ക് ചിത്രമായ സലാറിലെ കാരക്റ്റർ പോസ്റ്ററാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കെ.ജി.എഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസാണ് ചിത്രത്തിലെ നായകൻ. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.
മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് താരം. കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണവും ധരിച്ചിട്ടുണ്ട്. വില്ലനായിട്ടാണോ പൃഥ്വി എത്തുന്നത് എന്നാണ് പോസ്റ്റർ പുറത്തുവന്നതിനുശേഷം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ സംഗീത സംവിധാനം നിർവഹിക്കുന്നു. അൻബറിവാണ് സംഘട്ടന സംവിധാനം. 2023 സെപ്റ്റംബർ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.