ഷാര്‍ജയില്‍നിന്ന് ദുബായ് എമിറേറ്റിനെ ബന്ധിപ്പിക്കുന്ന മെട്രോ സംവിധാനം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് താമസക്കാര്‍. ഷാര്‍ജയുടെ വികസനവുമായി ബന്ധപ്പെട്ട് ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിര്‍ദ്ദേശാനുസരണം തുടക്കമിട്ട സര്‍വ്വേയുടെ ഭാഗമായാണ് ഭൂരിപക്ഷം താമസക്കാരും മെട്രോ ആവശ്യം ഉന്നയിച്ചത്.
പൊതുഗതാഗത സംവിധാനങ്ങൾ കൂടുതല്‍ മികവിലേക്ക് എത്തുമ്പോൾ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്നും കൂടുതല്‍ പേര് വിശ്വസിക്കുന്നു. വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും മറ്റ് സമയങ്ങളല്‍ കുടുംബാംഗങ്ങൾക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും മെട്രോ എത്തുന്നതോടെ കഴിയുമെന്നും താമസക്കാര്‍ കൂട്ടിച്ചേര്‍ത്തു.
കാര്യക്ഷമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനം, റൗണ്ട് എബൗട്ടുകൾക്ക് പകരം പാലങ്ങൾ സ്ഥാപിക്കൽ, കൂടുതല്‍ ആശുപത്രികളും സ്കൂളുകളും തുടങ്ങി നിരവധി ആവശ്യങ്ങളും താമസക്കാര്‍ ഉന്നയിച്ചു. സര്‍വ്വേയിലെ വിവരങ്ങൾ എമിറേറ്റിനെ പുതിയ പുരോഗതിയിലേക്ക് വഴിനയിക്കുമെന്ന് ഭരണാധികാരി ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിപ്രായപ്പെട്ടു.
യുഎഇയില്‍ ദുബായില്‍ മാത്രമാണ് മെട്രോ സര്‍വ്വീസ് നിലവിലുളളത്. അതേസമയം രാജ്യത്തെ എല്ലാ എമിറേറ്റുകളേയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ പദ്ധതി അവസാനഘട്ടത്തിലാണ്. പദ്ധതികൾ പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരിക്കിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എമിറേറ്റ് നിവാസികൾ. ഷാര്‍ജയില്‍ ജനസംഖ്യാകണക്കെടുപ്പും പുരോഗമിക്കുകയാണ്.