ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന കാലയളവിൽ ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്കേർപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് . ഹയ്യാകാർഡ് വഴി മാത്രമേ ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു . അതേസമയം 15 ലക്ഷത്തോളം ഫുട്ബോൾ ആരാധകർ മത്സരം കാണാൻ ഖത്തറിലേക്കെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഹയ്യാ കാർഡ് വഴി ലോകകപ്പ് കാണാൻ എത്തുന്നവർക്ക് മത്സരം കഴിഞ്ഞതിന് ശേഷവും ഒരു മാസക്കാലം ഖത്തറിൽ തുടരാവുന്നതാണ്. 2023 ജനുവരി 23നുള്ളിൽ ഇവർ രാജ്യത്ത് നിന്നും മടങ്ങി പോകണം.
ഖത്തറിലെ പൗരന്മാർക്കും , താമസക്കാർക്കും , ഖത്തർ ഐ.ഡിയുള്ള ജി.സി.സി പൗരന്മാർക്കും ഹയ്യാ കാർഡില്ലാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാം. വർക്ക് പെർമിറ്റിലും, വ്യക്തിഗത റിക്രൂട്ട്മെൻറ് വിസയിൽ എത്തുന്നവർക്കും പ്രവേശനാനുമതി ലഭിക്കും. ഔദ്യോഗിക പ്ലാറ്റ്ഫോം വഴി അംഗീകാരം ലഭിക്കുന്നവർക്ക് ഇക്കാലയളവിൽ പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.