ആവേശകരമായ സൂപ്പർ ഫോർ പോരാട്ടങ്ങൾക്കൊടുവിൽ ഏഷ്യ കപ്പ് ചാമ്പ്യാന്മാരെ ഇന്നറിയാം. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന് ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഫൈനലിന് മുമ്പുള്ള റിഹേഴ്സല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ ശ്രീലങ്ക അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റാണ് പാക്കിസ്ഥാന് തുടങ്ങിയത്. പിന്നീട് ഹോങ്കോങിനെ തകര്‍ത്ത് സൂപ്പര്‍ ഫോറിലുമെത്തി. എന്നാൽ സൂപ്പര്‍ ഫോറില്‍ ഇന്ത്യ പാകിസ്താനോടും ശ്രീലങ്കയോടും പരാജയപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാനെതിരെ വിറച്ചാണ് മടങ്ങിയത്.
ഏഷ്യാ കപ്പിലെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ മോശം പ്രകടനം പാക്കിസ്ഥാന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ നേടിയ 30 റണ്‍സാണ് ടൂര്‍ണമെന്റില്‍ ബാബറിന്റെ ഉയര്‍ന്ന സ്കോര്‍. മുഹമ്മദ് റിസ്വാന്റെ മിന്നുന്ന ഫോമാണ് പാക്കിസ്ഥാന് പ്രതീക്ഷ നല്കുന്ന ഘടകം.
ആദ്യ കളിയില്‍ അഫ്ഗാനോട് തോറ്റെങ്കിലും ലങ്ക ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. നാളത്തെ മത്സരത്തിലും ടോസ് നിര്‍ണായക ഘടകമായേക്കും. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാലും 200ന് മുകളിലുള്ള ലക്ഷ്യം ഉയര്‍ത്തിയാല്‍ എതിര് ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണ് ഇരു ടീമുകളും പ്രതീക്ഷിക്കുന്നത്. ശ്രീലങ്ക 5 തവണയും പാകിസ്ഥാൻ 2 തവണയും നേരത്തെ ഏഷ്യാകപ്പിൽ ചാംപ്യന്മാരായിട്ടുണ്ട്.