തിരുവനന്തപുരം: കാശ്മീരില്‍ നിന്ന് ഇനി കേരളത്തില്‍ മടങ്ങിയെത്താൻ ഉള്ളത് 295 പേരാണെന്ന് നോർക്ക അറിയിച്ചു. ഇന്നും ഇന്നലെയുമായി മാത്രം 111 പേർ തിരിച്ചെത്തി. 67 പേർ ഇന്ന് ശ്രീനഗറില്‍ നിന്നും ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായും നോർക്ക അറിയിച്ചു. കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സഞ്ചാരികൾ കൂട്ടത്തോടെ കശ്മീർ വിടാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് നൂറുകണക്കിന് മലയാളികള്‍ ശ്രീഗനറില് കുടുങ്ങിയത്.
അതേസമയം, പഹല്‍ഗാമില്‍ ഭീകരർ വെടിവച്ച് കൊന്ന എൻ രാമചന്ദ്രന് കണ്ണീരോടെ വിട നല്കി കേരളം. കൊച്ചി ചങ്ങമ്പുഴ പാർക്കില്‍ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ രാമചന്ദ്രന് ആദരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്കാരം നടന്നു.
കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കൊച്ചി മേയർ എം അനില്‍കുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു. നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ഇന്നലെ രാമചന്ദ്രൻ്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലക്കും മകള്‍ ആരതിക്കും പേരക്കുട്ടികള്‍ക്കുമൊപ്പം രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്. പഹല്‍ഗാമില്‍ എത്തിയ ഇവർ വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ വനത്തിനുള്ളില്‍ വച്ച് ഭീകരൻ തടഞ്ഞ് വെടിയുതിർത്തുവെന്നാണ് മകള്‍ ആരതി മാധ്യമങ്ങളോട് പ്രതികരിച്ചത്.