ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെ വാണിജ്യ നഗരമായ ജിദ്ദയിൽ എത്തി. 42 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിൽ എത്തുന്നത്.
ജിദ്ദയിലെ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനം സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടനെ അകമ്പടിയായി സൗദി സൈന്യത്തിൻ്റെ യുദ്ധവിമാനങ്ങളെത്തി. വളരെ അപൂർവ്വമായി മാത്രമേ രാഷ്ട്രത്തലവൻമാർക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടി ആതിഥേയരാജ്യം നൽകാറുള്ളൂ.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ജിദ്ദയിൽ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സൗദി സന്ദർശനമാണിത്. മക്ക ഡെപ്യൂട്ടി ഗവർണറായ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, വാണിജ്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ കസാബി, ജിദ്ദ മേയർ സാലിഹ് അലി അൽ തുർക്കി എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.