കൊച്ചി: ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തെ അക്രമിസംഘമെന്ന് കണ്ട് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്നും ഓടിരക്ഷപ്പെട്ടതെന്ന് നടൻ ഷൈൻ ടോം ചാക്കോ. പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്. അഭിഭാഷകരെ കണ്ട് കൃത്യമായി മൊഴി പഠിച്ചാണ് ഷൈൻ ചോദ്യം ചെയ്യല്ലിന് എത്തിയത് എന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.
ഇന്നലെ തൃശ്ശൂരിലെ വീട്ടിൽ നേരിട്ടെത്തി പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോ ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യല്ലിന് എത്തിയത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ച പൊലീസ് ഷൈൻ ഓടിരക്ഷപ്പെട്ടത് എന്തിനെന്ന കാര്യത്തിൽ കൃത്യത വരുത്താനാണ് ശ്രമിക്കുന്നത്. ഹോട്ടൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഷൈൻ പൊള്ളാച്ചിയിലേക്ക് കടന്നതായി പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ ഇന്നലെ കൊച്ചിയിൽ തിരികെയെത്തിയ ഷൈൻ നഗരത്തിലെ മൂന്ന് അഭിഭാഷകരുമായി സംസാരിച്ചെന്നാണ് വിവരം. ഇതിനു ശേഷമാണ് ഇന്ന് ഒരു അഭിഭാഷകനൊപ്പം ഷൈൻ നിർദേശിച്ചതിലും അരമണിക്കൂർ മുൻപേ കലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് വേണ്ടി ഒരു ഫോണ് ഷൈൻ പൊലീസിന് കൈമാറിയെങ്കിലും ഇയാൾ ഒരേസമയം മൂന്ന് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഷൈൻ്റെ ഗൂഗിൾ പേ അടക്കമുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.