മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫുള്വെൻസർ ജുനൈദിൻ്റെ മരണത്തിൽ അസ്വാഭാവികത തള്ളി പൊലീസ്. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിലാണ് ജുനൈദ് മരിച്ചത് എന്നാണ് പൊലീസിൻ്റ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം പരിശോധയിൽ ജുനൈസിൻ്റെ ശരീരത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്തിയിട്ടുണ്ട്. രക്തത്തിൻ്റെ സാംപിൾ പൊലീസ് പരിശോധനയ്ക്ക് അയച്ചു.
അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ജുനൈദ് അപകടകരമായ രീതിയിൽ വണ്ടിയോടിക്കുന്നുവെന്ന് ഒരാൾ പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടിരുന്നു. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മഞ്ചേരിയിൽ നിന്നും വഴിക്കടവിലേക്ക് വരും വഴി ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ പിന്നാലെ വന്ന ബസ് ജീവനക്കാരാണ് കണ്ടതും ആശുപത്രിയിൽ എത്തിച്ചതും. തലയുടെ പിൻഭാഗത്തേറ്റ പരിക്കാണ് മരണകാരണമായതെന്നാണ് പൊലീസ് പറയുന്നത്.