യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് െഎഡി ലഭ്യമാകാന്‍ അപേക്ഷ നല്കിയവര് 90 ദിവസത്തിനകം കൈപ്പറ്റണമെന്ന് നിര്‍ദ്ദേശം. അപേക്ഷകര്‍ നാല് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണമെന്നും അധികൃതര്‍. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (െഎസിപി) ആണ്
ഇക്കാര്യം വ്യക്തമാക്കിയത്.
അപേക്ഷകര്‍ െഎഡി കാര്‍ഡ് ലഭ്യമാകുന്ന വിധങ്ങൾ കൃത്യമായി മനസിലാക്കുകയും കൊറിയര്‍ സംബന്ധമായ കാര്യങ്ങൾ ഉറപ്പാക്കുകയും വേണം. ഇതിനായി അപേക്ഷകളില്‍ സൂചിപ്പിച്ചിരിക്കുന്ന ഷിപ്പിംഗ് വിശദാംശങ്ങൾ പരിശോധിക്കണമെന്നും െഎസിപി വെബ്സൈറ്റിലോ ആപ്പിലോ അപേക്ഷയുടെ സ്ഥിതി പിന്തുടരണമെന്നും അതോറിറ്റി അറിയിച്ചു.
അപേക്ഷകര്‍ തിരഞ്ഞെടുത്ത കൊറിയർ കമ്പനി വഴിയും കൂടുതല്‍ വിവരങ്ങൾ അറിയാനാകും. 90 ദിവസത്തിനകം െഎഡി കൈവശം ലഭ്യമായില്ലെങ്കില്‍ പുതിയ കാര്‍ഡിനായി വീണ്ടും അപേക്ഷിക്കേണ്ടി വരും. ഇത്തരം നടപടികൾ ഒഴിവാക്കാന്‍ അപേക്ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അതോറിറ്റി അറിയിച്ചു. പുതിയ കാര്‍ഡിനായി അപേക്ഷിക്കുന്നവരും കാലാവധി പുതുക്കാന്‍ അപേക്ഷിക്കുന്നവരും ഇക്കാര്യം ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
പ്രായഭേതമെന്യേ യുഎഇയിലെ താമസക്കാര്‍ എമിറേറ്റ്സ് െഎഡി നേടണമെന്നാണ് വ്യവസ്ഥ. നിലവില്‍ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസ സ്റ്റിക്കറുകൾക്ക് പകരം പുതിയ എമിറേറ്റ്സ് െഎഡികളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഉയർന്ന ചിപ്പ് ശേഷിയും നോൺ-ടച്ച് ഡാറ്റ റീഡിംഗ് ഫീച്ചറും പോലുള്ള നൂതനവും സാങ്കേതികവുമായ സവിശേഷതകളുള്ള ഐഡി കാർഡുകളാണ് വിതരണം ചെയ്യുന്നത്. കാർഡിന് കൂടുതല്‍ കാലം ഈടുനില്ക്കുന്നതുമാണ്.
പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള സേവനങ്ങൾക്കും ഇടപാടുകൾക്കും എമിറേറ്റ്സ് ഐഡി പ്രധാനപ്പെട്ട രേഖയാണെന്നിരിക്കേ താമസക്കാർ അവരുടെ ഐഡികൾ കൃത്യസമയത്ത് ശേഖരിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.