ആദ്യമായാണ് ഒരു പൊതു പരിപാടിക്ക് രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയർ ക്ഷണിക്കുന്നതെന്ന് നടൻ പൃഥ്വിരാജ്. കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടന വേദിയിൽ വിശിഷ്ടാഥിതിയായി സംസാരിക്കുകയായിരുന്നു താരം.
“ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരത്ത് എന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. യാദൃശ്ചികമായി ഈ പൊതു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ വരാതിരിക്കാൻ കഴിഞ്ഞില്ല. ഒരുപാട് മഹത് വ്യക്തികളുടെ പാരമ്പര്യവും ചരിത്രവുമുറങ്ങുന്ന മണ്ണാണിത് . ഇവിടെ ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലൂടെ അവർക്ക് ആദരവ് നൽകുന്ന കോൺസെപ്റ്റ് രൂപപ്പെടുത്തിയ ഐഡിയേഷൻ ടീമിന് അഭിനന്ദനങ്ങൾ. എന്റെ ജീവിതത്തിലാദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പൊതുപരിപാടിയിലേക്ക് ക്ഷണിക്കുന്നത്. മേയർക്കും ടീമിനും ഇനിയും ഇതുപോലുള്ള നല്ല സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ” അനന്തപുരി സെൽഫി പോയിന്റ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു.
വരാനിരിക്കുന്ന പുതിയ ചിത്രം ‘കാപ്പ’ തിരുവനന്തപുരം ഭാഷയാണ് താൻ സംസാരിക്കുന്നതെന്നും, സ്വന്തം നാട്ടിൽ ഇത്തരമൊരു പൊതു പരിപാടിയിൽ അഥിതിയായി എത്തിയതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിചേർത്തു.