കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വയഡക്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് (03-07-2024) തുടക്കം കുറിച്ചു. വയഡക്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് ബുധൻ രാവിലെ 10.30 ന് കാക്കനാട് കുന്നുംപുറത്തു ആരംഭിച്ചു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ, റിട്ട.ഐ പി എസ്, പ്രൊജക്റ്റ് ഡയറക്ടർ ഡോ. എം പി രാംനവാസ്, സിസ്റ്റം ഡയറക്ടർ സഞ്ജയ് കുമാർ, ഫിനാൻസ് ഡയറക്ടർ അന്നപൂർണ്ണി എസ്. എക്സിക്യൂട്ടീവ് ഡയറക്ടർ പ്ലാനിംഗ് ആൻഡ് പ്രോജെക്ടസ് വിനു സി കോശി, കൊച്ചി മെട്രോ എൻജിനീയർമാർ, ഉദ്യോഗസ്ഥർ, ജനറൽ കൺസൾട്ടന്റ് സിസ്ട്രയുടെ ഉദ്യോഗസ്ഥർ,അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. 11.2 കി മീ നീളത്തിലുള്ള വയഡക്ട് നിർമ്മാണത്തിനുള്ള കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കൊച്ചി മെട്രോ ഒദ്യോഗികമായി ഏൽപ്പിച്ചിരുന്നു.1141.32 കോടി രൂപയാണ് കരാർ തുക. 20 മാസമാണ് പണി പൂർത്തീകരിക്കാനുള്ള കാലാവധി. 11.2 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളുടെ പണി 20 മാസത്തെ കാലയളവിൽ പൂർത്തീകരിക്കാൻ സാധിച്ചാൽ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിർമ്മാണ ഏജൻസി എന്ന പൊൻതൂവൽകൂടി കൊച്ചി മെട്രോക്ക് ലഭിക്കും.
മെട്രോ പോലുള്ള വലിയ നിർമ്മിതികൾക്കു പൈൽ ഫൗണ്ടേഷനാണ് കൂടുതൽ അഭികാമ്യം. വയഡക്ടിന്റെ ഭാരത്തെ പൈൽ ഫൌണ്ടേഷനുകൾ ഭൂമിക്കടിയിലുള്ള കൂടുതൽ സ്ഥിരതയുള്ള മണ്ണിൻ്റെയും കല്ലിന്റെയും പാളികളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. ഇത്തരത്തിലുള്ള പൈൽ ഫൗണ്ടേഷന്റെ സമഗ്രതയും ഭാരം വഹിക്കാനുള്ള ശേഷിയും ഉറപ്പാക്കാൻ പൈൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള നാലു ടെസ്റ്റ് പൈലുകൾ കൂടി സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള വയഡകടിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനാണ് കൊച്ചി മെട്രോ തീരുമാനിച്ചിരിക്കുന്നത്.
അതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കും. കൂടാതെ വയഡക്ടിന്റെ അലൈന്മെന്റിൽ വിവിധ ഇടങ്ങളിൽ മണ്ണ് പരിശോധനാ പ്രവർത്തനങ്ങൾ ഉടനെ തന്നെ ആരംഭിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള വയഡക്ട് അലൈമെന്റിൽ ടോപ്പോഗ്രാഫി സർവ്വേ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.