കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് മാറ്റത്തിന് വഴിയൊരുങ്ങുന്നു. മുപ്പത് വർഷമായി അമ്മ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഇടവേള ബാബു പൂർണമായി മാറി നിന്നതോടെയാണ് നേതൃത്വത്തിൽ മാറ്റത്തിന് വഴിയൊരുങ്ങുന്നത്. ജൂൺ മുപ്പത് ഞായറാഴ്ച കൊച്ചി കലൂർ ഗോകുലം പാർക്കിലാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി നടക്കുന്നത്. ജനറൽ ബോഡിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിലാവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ഇന്നലെയായിരുന്നു നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഇന്ന് പത്രികകൾ തുറന്നു പരിശോധിച്ചപ്പോൾ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതോടെ ഇരുവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. നിലവിൽ അമ്മ ട്രഷററായ സിദ്ധിഖ്, മുൻ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡൻ്റുമാരാണ് അമ്മയ്ക്കുള്ളത്. ഈ രണ്ട് പോസ്റ്റിലേക്കായി ജഗദീഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവർ പത്രിക നൽകിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടും.
ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജും നടൻ അനൂപ് ചന്ദ്രനും തമ്മിലാണ് മത്സരം. പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പതിനാല് താരങ്ങളായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചത്. സമയപരിധി കഴിഞ്ഞപ്പോൾ മത്സരരംഗത്തുണ്ടായിരുന്ന നടി രചന നാരായണൻ കുട്ടി പിന്മാറി.
ടിനി ടോം, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, അൻസിബ ഹസ്സൻ, വിനു മോഹൻ, രമേശ് പിഷാരടി,ഡോ.റോണി, അനന്യ, സരയൂ, ജോയി മാത്യു, ടൊവിനോ തോമസ് – എന്നിവരാണ് നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത് ഇവരിൽ വോട്ടെടുപ്പിലൂടെ ഒരാൾ മാത്രം പുറത്താവുകയും ബാക്കിയുള്ളവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
കഴിഞ്ഞ തവണ ഔദ്യോഗിക പാനൽ രൂപീകരിച്ചായിരുന്നു മത്സരം നടന്നത്. എന്നാൽ പാനലിനെതിരെ മണിയൻ പിള്ള രാജു, ശ്വേത മേനോൻ, വിജയ് ബാബു, ലാൽ എന്നിവർ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ഔദ്യോഗിക പാനലിൻ്റെ ഭാഗമായി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശ ശരത്തും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച നിവിൻ പോളി, ഹണി റോസ് എന്നിവരും പരാജയപ്പെട്ടു. വിമതനായി മത്സരിച്ച നടൻ നാസർ ലത്തീഫും പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി പാനൽ വേണ്ടെന്നും പദവി വേണ്ടവർ മത്സരിച്ചു ജയിക്കട്ടേയെന്നുമുള്ള നിലപാട് മോഹൻലാൽ എടുക്കുകയായിരുന്നു.