അബുദാബി: കേരളത്തിലേക്ക് പുതിയ സർവ്വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് ഇന്ത്യയിലേക്ക് കൂടുതൽ സർവ്വീസുകൾ ഇൻഡിഗോ ആരംഭിക്കുന്നത്.
മൂന്ന് പുതിയ സർവ്വീസുകളാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഢ്, ലക്നൌ എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. അബുദാബിയിലേക്ക് പുതിയ 21 പ്രതിവാരസർവ്വീസുകളാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇൻഡിഗോയുടെ അബുദാബിയിൽ നിന്നുള്ള സർവ്വീസുകളുടെ എണ്ണം 63 ആയി. അതേസമയം കണ്ണൂരിലേക്കുള്ള സർവ്വീസ് എപ്പോൾ മുതലായിരിക്കുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടില്ല.
അതേസമയം കൂടുതൽ ചെറുവിമാനങ്ങൾ വാങ്ങി തങ്ങളുടെ ആഭ്യന്തര സർവ്വീസുകൾ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇൻഡിഗോ ഇപ്പോൾ. എടിആർ, എംബ്രറാർ, എയർബസ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ടാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. നൂറു ചെറുവിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ പദ്ധതി. നിലവിൽ 78 സീറ്റുകളുള്ള എടിആർ 72 വിമാനങ്ങൾ ഇൻഡിഗോയുടെ കൈവശമുണ്ട്. 45 എടിആർ വിമാനങ്ങളാണ് കൈയിലുള്ളത്, അഞ്ചെണ്ണം കൂടി ഈ വർഷം കിട്ടും.