കാവാലത്ത് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ കാവാലം മേഖലാ സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കാവാലം പത്തില്‍ചിറ വീട്ടില്‍ പി.എന്‍ അനന്തു അറസ്റ്റില്‍. കൈനടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
നിയമവിദ്യാര്‍ത്ഥിനിയായ ആതിര തിലകന് ജനുവരി 5നാണ് ആത്മഹത്യ ചെയ്തത്. അനന്തുവും ആതിരയും തമ്മിലുള്ള വിവാഹം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷം അനന്തു ഇടയ്ക്കിടക്ക് ആതിരയുടെ വീട്ടിലെത്തി ആതിരയെ കാണാറുണ്ടായിരുന്നു. ആതിര ആത്മഹത്യ ചെയ്ത ദിവസവും അനന്തു എത്തിയിരുന്നു. അനന്തു വന്ന ദിവസം ആതിരയ്ക്കൊപ്പം മുത്തച്ഛന് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
മത്സ്യവ്യാപാരികളായ ആതിരയുടെ അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോള്‍ ആതിരയെ വീട്ടിലെ മുകളിലെ നിലയില്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം ആതിരയും അനന്തുവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നതായും അനന്തു ആതിരയെ മര്‍ദ്ദിച്ചിരുന്നതായും മുത്തച്ഛന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനന്തുവിനെ അറസ്റ്റ് ചെയ്തത്. അതേസമയം ആരോഗ്യപരമായ കാരണങ്ങളാല്‍ ആതിരയുടെ മുത്തച്ഛന് ഫെബ്രുവരി 13ന് മരിച്ചിരുന്നു.