സപ്ത തരംഗ് ക്രിയേഷൻസ് ഗോവിന്ദ് ഫിലിമുമായി ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം “പഞ്ചായത്ത് ജെട്ടി”യുടെ കർട്ടൻ റൈസർ ഇവൻ്റ് ഞായറാഴ്ച ദുബായിൽ സംഘടിപ്പിച്ചു . പുലിവാൽ കല്യാണം, പഞ്ചവർണ്ണ തത്ത, ആനകള്ളൻ,ആനന്ദം പരമാനന്ദം തുടങ്ങി നിരവധി ഫാമിലി എൻ്റർടെയ്നറുകൾ നിർമ്മിച്ച നിർമ്മാണക്കമ്പനിയാണ് ഗോവിന്ദ് ഫിലിംസ്.
മഴവിൽ മനോരമയിലെ ആക്ഷേപഹാസ്യ പരിപാടിയായ മറിമായത്തിൻ്റെ അണിയറ പ്രവർത്തകരും നടൻമാരും ചേർന്നൊരുക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മറിമായം ഫെയിം മണികണ്ഠൻ പട്ടാമ്പിയും സലീം ഹസ്സനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറിമായത്തിലൂടെ ശ്രദ്ധേയരായ നടൻമാരെല്ലാം പഞ്ചായത്ത് ജെട്ടിയിലും അഭിനയിക്കുന്നുണ്ട്.
ദുബായിൽ നടന്ന കർട്ടൻ റൈസർ ഇവൻ്റിൽ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി, സലീം ഹസ്സൻ നടൻമാരായ നിയാസ് ബക്കർ, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ, മണി ഷൊർണൂർ, ജയദേവ് എന്നിവരും പങ്കെടുത്തു. പുതുതായി തുറന്ന ഗർഹൂദിലെ ഉസ്താദ് ഹോട്ടൽ റെസ്റ്റോറന്റിലാണ് പരിപാടി സംഘടിപ്പിച്ചത്. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനും ഡയറക്ടർമാരും പരിപാടിയിൽ പങ്കെടുത്തു. ചിത്രം 2024 ഏപ്രിലിൽ ജിസിസിയിൽ റിലീസ് ചെയ്യും.