മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കമല്‍നാഥ്, മകന് നകുല്‍ നാഥ്, വിവേക് തന്‍ഖ എന്നിവര്‍ ബിജെപിയിലേക്ക് പോവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കമല്‍നാഥിന് ബിജെപി രാജ്യസഭ സീറ്റും മകന് ലോക്സഭ സീറ്റും മന്ത്രിപദവും വാഗ്ദാനം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കമല്‍നാഥ് ദീര്‍ഘനാളായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ അത് വലിയ തിരിച്ചടിയാകും ഇന്ത്യ സഖ്യത്തിന് ഉണ്ടാക്കുക. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കമല്‍നാഥ് എംഎല്‍എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വിരുന്ന്. കമല്‍നാഥിന്റെ ഭോപ്പാലിലെ വസതിയില്‍ വെച്ചായിരിക്കും വിരുന്ന് നടക്കുക.
മധ്യമപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ട്ടി പ്രവേശനം ചര്‍ച്ച ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് കമല്‍നാഥിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.