ഫ്ളാറ്റില്‍ നിന്ന് വീണുമരിച്ച ക്വീര്‍ യുവാവ് മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുടുംബം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പൊലീസിന് കൈമാറും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നുതന്നെ മൃതദേഹം കൈമാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തടസങ്ങള്‍ ഉണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മനുവിന്റെ സ്വവര്‍ഗ പങ്കാളിയായ ജെബിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍വെച്ച് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
മൃതദേഹത്തെ അനുഗമിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ജെബിന് കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മരിച്ച മനുവിന്റെ സഹോദരനോട് അനുവാദം വാങ്ങിക്കാനാണ് കോടതി അറിയിച്ചത്. മെഡിക്കല്‍ ബില്ലായി ഒരു ലക്ഷം രൂപ അടയ്ക്കാനും ഹര്ജിക്കാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മൃതദേഹം വിട്ടുകൊടുക്കുന്നതിനുള്ള ഉപാധിയായിരിക്കരുത് അത് എന്നും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ കുടുംബം അനുവദിച്ചാല്‍ പൊലീസ് ഹര്ജിക്കാരന് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജനുവരി മൂന്നിനാണ് മനു ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ആകുന്നത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് തൊട്ടടുത്ത ദിവസം മരിക്കുകയായിരുന്നു.
പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ട് കിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ജെബിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം നിയമാനുസൃതമല്ലാത്തതിനാല്‍ ജെബിനെ മനുവിന്റെ പങ്കാളിയായി കാണാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതം അറിയിക്കുകയായിരുന്നു.